KeralaNews

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ‘നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യും’; സണ്ണി ജോസഫ്

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തൃശൂരില്‍ മാല്‍ പ്രാക്ടീസ് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും വ്യക്തമാക്കി. നിയമപരമായും രാഷ്ട്രീയമായും വിഷയം കൈകാര്യം ചെയ്യും.

ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പ്രതിഷേധിച്ച രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നേതാക്കളുടെ ഡല്‍ഹിയില്‍ നടന്ന ശക്തമായ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തൃശൂരില്‍ ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്ന് കെ സുധാകരനും പറഞ്ഞു. പരിമിതിയില്ലാത്ത വിധം ഭൂരിപക്ഷം ഉണ്ടാക്കാന്‍ ഇത്രയധികം വോട്ടുകള്‍ ചേര്‍ക്കുന്നു. നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയര്‍ തൂക്കുന്നതാണ്. ഒരു സ്ഥാനാര്‍ഥി പുറത്തുനിന്ന് വന്ന് മത്സരിച്ചിട്ട് ഇത്രയധികം വോട്ട് ലഭിക്കുക അസാധ്യമാണ്. വോട്ടുകളുടെ എണ്ണം പറഞ്ഞാണ് കണക്കുകള്‍ പുറത്തുവിട്ടത്. പറയാതെ തന്നെ സുരേഷ് ഗോപി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button