NationalNews

മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ഹൈക്കോടതി ജഡ്ജി; പ്രതിഷേധവുമായി പ്രതിപക്ഷം

മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക വക്താവായ അഭിഭാഷക ആരതി സതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് വിവാദത്തില്‍. 2025 ജൂലൈ 28ന് നടന്ന യോഗത്തില്‍ അജിത് ഭഗവന്ത്‌റാവു കഡേഹങ്കര്‍, ശ്രീമതി ആരതി അരുണ്‍ സതേ എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീംകോടതി അംഗീകാരം നല്‍കുകയായിരുന്നു.

എന്നാല്‍ ആരതി സതേ ഹൈക്കോടതി ജഡ്ജിയായതില്‍ മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ അവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പൊതുവേദിയില്‍ ഭരണകക്ഷിക്ക് വേണ്ടി വാദിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണെന്ന് എംഎല്‍എയും എന്‍സിപി (എസ്പി) ജനറല്‍ സെക്രട്ടറിയുമായ രോഹിത് പവാര്‍ പറഞ്ഞു.

ഇത്തരം നിയമനങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയാകാനുള്ള യോഗ്യതകള്‍ നേടുകയും രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളെ നേരിട്ട് ജഡ്ജിമാരായി നിയമിക്കുകയും ചെയ്യുന്നതിലൂടെ ജുഡീഷ്യറിയെ ഒരു രാഷ്ട്രീയ മേഖലയാക്കി മാറ്റുന്നതിന് തുല്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു രാഷ്ട്രീയ വക്താവിനെ ജഡ്ജിയായി നിയമിക്കുമ്പോള്‍ ഭരണഘടനയിലെ അധികാര വിഭജന തത്വത്തെ ദുര്‍ബലപ്പെടുത്തുകയും ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമായി മാറുകയും ചെയ്യുകയല്ലേയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്ന ഒരാള്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കില്‍, ഭരണകക്ഷിയില്‍ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടെങ്കില്‍, നീതി നടപ്പാക്കുന്ന പ്രക്രിയ രാഷ്ട്രീയ പക്ഷപാതത്താല്‍ കളങ്കപ്പെടില്ലെന്ന് ആര്‍ക്കാണ് ഉറപ്പ് നല്‍കാന്‍ കഴിയുക?, അദ്ദേഹം ചോദിച്ചു. ബോംബെ ഹൈക്കോടതി ജഡ്ജിയായി ആരതി സത്തേയെ നിയമിച്ചത് പുനഃപരിശോധിക്കാനും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കണം, അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരതി സത്തേ മഹാരാഷ്ട്ര ബിജെപിയുടെ വക്താവായിരുന്നു എന്നത് ശരിയാണെന്നും ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് തന്നെ അവര്‍ പാര്‍ട്ടി വക്താവ് സ്ഥാനം രാജിവച്ചിരുന്നുവെന്നുമാണ് മഹാരാഷ്ട്ര ബിജെപി മീഡിയ സെല്‍ ഇന്‍-ചാര്‍ജ് നവ്നാഥ് ബാങ് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button