
സംസ്ഥാന സര്‍ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ല സമ്മേളനം.പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് നേതൃത്വത്തിനെതിരെ പരാമര്‍ശമുള്ളത്.നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരവും സ്വരാജിനെ സ്ഥാനാര്‍ഥി ആക്കിയതും തിരിച്ചടിയായെന്ന് വിലയിരുത്തല്‍.
ജില്ലയില്‍ നിന്നുള്ള ഏക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെ ആയിരുന്നു നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുന്നണിയും സിപിഐഎമ്മും ചുമതലപ്പെടുത്തിയിരുന്നത്. അതേ സ്വരാജിനെ തന്നെ സ്ഥാനാര്‍ഥി ആക്കിയതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നാണ് പ്രതിനിധികളുടെ വിമര്‍ശനം. ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നാണ് പൊതുവായി ഉയര്‍ന്ന അഭിപ്രായം.
മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചു.ഇത് ഭാവിയില്‍ കൂടുതല്‍ തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.പിവി അന്‍വറിനെ വിലയിരുത്തുന്നതിലും വീഴ്ച പറ്റി. അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ അവഗണിച്ചു മുന്നോട്ട് പോയത് തിരിച്ചടി ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐ ജില്ല സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആണ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്ളത്.മൂന്ന് ദിവസങ്ങളിലായി പരപ്പനങ്ങാടിയില്‍ ആണ് സിപിഐ ജില്ലാ സമ്മേളനം നടക്കുന്നത്.