BusinessInternationalKeralaNationalNewsPolitics

ശശി തരൂര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. സംവിധായകന്‍ പ്രിയദര്‍ശനും ജോസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാന്‍ഡ്രം റോയല്‍സ്.

കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ‘തിരുവനന്തപുരത്തെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും തീരദേശ മേഖലയില്‍ നിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാന്‍ഡ്രം റോയല്‍സിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. തനിക്ക് ഏറെ താല്‍പര്യമുള്ള ഈയൊരു ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്.’-തരൂര്‍ കൂട്ടിച്ചേര്‍ത്തു.

തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് പ്രോ വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് ഡയറക്ടര്‍ ജോസ് പട്ടാറ വ്യക്തമാക്കി. ‘തിരുവനന്തപുരത്ത് ശക്തമായ ഒരു അടിസ്ഥാന ക്രിക്കറ്റ് സംവിധാനം വളര്‍ത്തിയെടുക്കുക എന്ന ടീമിന്റെ ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം കരുത്തേകും. തരൂരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ടീം മികച്ച മുന്നേറ്റം നടത്തുമെന്ന് ഉറപ്പുണ്ട്.’- പട്ടാറ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2024-ല്‍ ആരംഭിച്ച കെസിഎല്‍, നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായ പ്രൊഫഷണല്‍ ടി20 ലീഗാണ്. നിരവധി കളിക്കാരെ ഐപിഎല്‍ പോലുള്ള വലിയ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button