ഛത്തീസ്ഗഢില്‍ തെളിഞ്ഞത് ബി ജെ പിയുടെ കപടമുഖമെന്ന് ബിനോയ് വിശ്വം
ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി വാഴ്ചയില്‍ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഢില്‍ മറനീക്കി പുറത്തുവന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബജ്‌റംഗ്ദള്‍, ആര്‍ എസ് എസ് കുടുംബാംഗവും ബി ജെ പിയുടെ ആശയമച്ചുനനും ആണ്. രാജ്യത്ത് ആകെ ഒളിഞ്ഞും തെളിഞ്ഞും ആര്‍ എസ് എസ് നടത്തുന്ന ക്രിസ്തീയവിരുദ്ധ ആക്രമണ പരമ്പരയില്‍ ചിലതുമാത്രമാണ് പുറംലോകം അറിഞ്ഞത്.
കള്ളക്കേസില്‍ കുടുക്കപ്പെട്ട് തടവറയില്‍ കുടിവെള്ളം പോലും കിട്ടാതെ മരിക്കേണ്ടിവന്ന സ്റ്റാന്‍സ്വാമി, ബി ജെ പി എടുത്തണിയുന്ന കപട ക്രിസ്തീയ സ്‌നേഹത്തിന്റെ തനിനിറം വിളിച്ചറിയിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരില്‍ ഒരു വിഭാഗം ബി ജെ പിയോട് പുലര്‍ത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ ആകെ അമ്പരപ്പിക്കുന്നതാണ്.
ക്രിസ്ത്യന്‍- മുസ്ലിം വൈരം വളര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ആര്‍ എസ് എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂര്‍വം ബിഷപ്പുമാര്‍ യഥാര്‍ഥ ക്രിസ്തു ശിഷ്യന്മാരാണോ എന്ന് വിശ്വാസ സമൂഹം ചോദിക്കാതിരിക്കില്ല. പിലാത്തോസിന്റെ ശിഷ്യന്മാരെ പോലെ പ്രവര്‍ത്തിക്കുന്ന അക്കൂട്ടര്‍ ‘നസ്രേത്തില്‍നിന്നും നന്മ’ പ്രതീക്ഷിക്കുന്നവരാണ്. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്കറിയാമെങ്കില്‍ അവരോട് പൊറുക്കരുത് എന്നായിരിക്കും മതവിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്.
മതന്യൂനപക്ഷങ്ങളുടെ ആരാധനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധമായി നിലകൊള്ളുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.