
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സി പി ഐ എം. വിഷയം രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ മറവില്‍ കൃസ്ത്യന്‍ വേട്ട നടക്കുന്നു എന്ന് നോട്ടീസില്‍ പറയുന്നു. അതേസമയം, ലോക്സഭയിൽ കെ രാധാകൃഷ്ണൻ എം പി അടിയന്തര പ്രമേയ നോട്ടീസ് നൽകും.
അതേസമയം, ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോണ്‍വെന്റില്‍ ജോലിക്ക് എത്തിയവരെ കൂട്ടിവരാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ്ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് , പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.