NationalNewsPolitics

പാര്‍ലമെൻ്റിൽ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച: കോൺഗ്രസിൽ നിന്ന് ആദ്യം സംസാരിക്കുക രാഹുല്‍

പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുളള ചര്‍ച്ചയില്‍ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം സംസാരിക്കുക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ശശി തരൂര്‍ എംപിയോട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. അതിനാല്‍ തരൂര്‍ സംസാരിച്ചേക്കില്ല. ഇന്ന് രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആരംഭിക്കുക.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്നതില്‍ പ്രധാനമന്ത്രിയുടെ മറുപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിൻ്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ സമയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോയ സര്‍വ്വകക്ഷി സംഘത്തില്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു ശശി തരൂര്‍. ആ യാത്രയിലുടനീളം കോണ്‍ഗ്രസിന്റെ നിലപാടുകളെയും വാദങ്ങളെയും പരസ്യമായി തളളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയായിരുന്നു ശശി തരൂരിന്റെ പ്രസംഗങ്ങളെല്ലാം. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തില്‍ വരെ ശശി തരൂര്‍ മാറുന്ന സാഹചര്യമുണ്ടായി. ഇതോടെ തരൂര്‍ കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും കൂടുതല്‍ അടുക്കുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർലമെൻ്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ ശശി തരൂരിന് കോൺഗ്രസ് അവസരം നിഷേധിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button