കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി
കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ അടിസ്ഥാനരഹിത കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീമാരുടെ മോചനം ഉടൻ ഉറപ്പാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു. വലതുപക്ഷ ഗ്രൂപ്പുകളുടെ പീഡനത്തിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണിത്.സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ സമഗ്ര അന്വേഷണം നടത്തണമെന്നുംഡോ. ജോൺ ബ്രിട്ടാസ് എം പി കത്തിൽ ആവശ്യപ്പെട്ടു.
പൗരന്മാരുടെ, പ്രത്യേകിച്ച് സാമൂഹികവും മതപരവുമായ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമയെക്കുറിച്ച് അദ്ദേഹം സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെയും ഡോ. ജോൺ ബ്രിട്ടാസ് എം പി അപലപിച്ചു.
വന്ദന, പ്രീതി എന്നീ കന്യാസ്ത്രീമാരെയാണ് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തത്. ബജറംഗ്ദളിന്റെ നിർദ്ദേശപ്രകാരമാണ് കന്യാസ്ത്രീമാരെ ദർഗ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തിയിരുന്നു. കേസും ആരോപണവും കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ് പറഞ്ഞിരുന്നു.