
അടിയന്തരാവസ്ഥ ലേഖന വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ഗാന്ധി കുടുംബത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമർശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂർ പറഞ്ഞു. 1997ൽ താൻ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ശശി തരൂർ വിശദമാക്കി.
സർവേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. സർവ്വേക്കുറിച്ച് താൻ അറിഞ്ഞുവെന്നും അത്രയേ ഉള്ളൂവെന്നും തരൂർ കൂട്ടിച്ചേർത്തു. ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും മികച്ച ഇന്ത്യയെ നിർമ്മിക്കുവാൻ ബാധ്യസ്ഥരാണെന്ന് ഡോ. ശശി തരൂർ എംപി. ഗവൺമെന്റിനെയും സൈന്യത്തെയും പിന്തുണച്ചതിന്റെ പേരിൽ എനിക്കെതിരെ വിമർശനം ഉണ്ടായി. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ചെയ്യേണ്ടതാണ് താൻ ചെയ്തതെന്നും ഡോ. ശശി തരൂർ പറഞ്ഞു. ആദ്യം രാജ്യം പിന്നെ പാർട്ടിയെന്ന് നിലപാട് ആവർത്ത് ശശി തരൂർ.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനമെന്ന് ശശി തരൂർ വ്യക്തമാക്കി. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. താൻ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യമാണെന്നും എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം തരൂരിന്റെ മോദി സ്തുതിയിൽ കോൺഗ്രസിൽ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. നരേന്ദ്ര മോദിയെ പ്രശംസിച്ചും അടിയന്തരാവസ്ഥയെ കടുത്ത ഭാഷയിൽ വിമർശിച്ചും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും ജനപിന്തുണയുണ്ടെന്ന സർവേ പങ്കുവച്ചും കോൺഗ്രസിനെ തരൂർ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു.