KeralaNews

കൊല്ലത്ത് ഷോക്കേറ്റ്‌ മരിച്ച മിഥുന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ്‌ മരിച്ച സ്കൂൾ വിദ്യാർഥി മിഥുന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അതീവ ദുഃഖകരമായ വിയോഗമാണ്‌ സംഭവിച്ചിരിക്കുന്നത്‌. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടാകണം. സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം എന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.

അതേസമയം മിഥുൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അപകടം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിഥുന്‍റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഇന്ന് രാവിലെയാണ് ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയപ്പോൾ, വൈദ്യുതിലൈൻ ദേഹത്ത് തട്ടിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button