
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട അനാസ്ഥകള്‍ ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട് എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
അതേസമയം, മരിച്ച മിഥുന്റെ കുടുംബത്തെ വിദ്യാഭ്യാസ വകുപ്പ് പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുകയെന്നും മന്ത്രി അറിയിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തി മിഥുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിക്കാനിടയായ അപകടത്തെ കുറിച്ച് സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മിഥുന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.