
മണ്ണാർക്കാട് സിപിഎം പാർട്ടി ഓഫീസിലേക്ക് പടക്കം എറിഞ്ഞ സംഭവത്തിൽ പ്രതിയായ അഷ്റഫിൻ്റെ പ്രതികരണം പുറത്ത്. തമാശക്ക് ചെയ്ത സംഭവമാണെന്നാണ് അഷ്റഫ് പറയുന്നത്. സിപിഎം നേതാക്കളായ മൻസൂറിനും, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജിനൊപ്പവും സംസാരിക്കുന്നതിനിടെ വെല്ലുവിളിച്ചപ്പോൾ ചെയ്തതാണ്. ഇത്ര വലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു.
മുമ്പ് പികെ ശശിയുടെ ഡ്രൈവറായിരുന്നു. ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന് ബന്ധമില്ല. മൻസൂറിനും ശ്രീരാജിനും ഒപ്പം ഇരുന്ന് സംസാരിച്ച കാര്യങ്ങൾ ഉൾപ്പെടെ പൊലീസിനും മൊഴിയായി നൽകിയിട്ടുണ്ടെന്നും അഷ്റഫ് പറഞ്ഞു. അതേസമയം, അഷ്റഫിനെ തള്ളി പൊലീസ് രംഗത്തെത്തി. സിപിഎം നേതാക്കളായ മൻസൂർ, ശ്രീരാജ് എന്നിവർക്കൊപ്പം ഉണ്ടായിരുന്ന കാര്യം പ്രതി മൊഴി നൽകിയിട്ടില്ലെന്ന് മണ്ണാർക്കാട് പൊലീസ് പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.