
രാജ്യസഭാ എംപിയാക്കുന്നതിന് രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചുവെന്ന് നിയുക്ത രാജ്യസഭാ എംപി സി സദാനന്ദൻ മാസ്റ്റർ. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി വിളിച്ചപ്പോൾ പറഞ്ഞത് ഒരു ദൗത്യം ഏൽപ്പിക്കുന്നുവെന്നാണ്. ഞായറാഴ്ച്ച രാവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിളിച്ചിരുന്നു. നോട്ടിഫിക്കേഷൻ വന്നുവെന്ന് പറഞ്ഞു. പാർട്ടി ഏൽപ്പിച്ച നിയോഗമാണിത്. അഥപൂർണമായ വിധത്തിൽ അതു നിർവഹിക്കും. വികസിത കേരളമെന്ന സങ്കൽപ്പം സാക്ഷാത്കരിക്കും.
പാർലമെൻ്റിൻ്റെ ഉപരിസഭയാണ് രാജ്യസഭ കുറച്ചുകൂടി ഗൗരവത്തിൽ കാണും. ഇതര പ്രസ്ഥാനങ്ങളുടെയും പാർട്ടിയെ എതിർക്കുന്നവരുടെയും നിലപാടുകൾ ആഴത്തിൽ പഠിക്കും. രണ്ടു കാലുകൾ പോയതിൽ തനിക്ക് വിഷമമില്ല. കൃത്രിമമായുള്ള രണ്ടു കാലുകൾ ഉൾപ്പെടെ നാലു കാലുകൾ ഇപ്പോഴുണ്ടെന്നാണ് ഞാൻ തമാശയായി പറയുക. തന്നെപ്പോലെ അംഗഭേദം വന്ന ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. ജീവൻ നഷ്ടപ്പെട്ടവരും ജയിലിൽ കിടക്കുന്നുവരുമുണ്ട്. മക്കൾ നഷ്ടപ്പെട്ട അമ്മമാരും ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാരും പിതാവ് നഷ്ടപ്പെട്ട മക്കളുമുണ്ട്.