
ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അനാവശ്യമായി ചിത്രീകരണമാണ് നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയമായി മന്ത്രിയെയോ സർക്കാരിനെയോ ആക്രമിക്കുന്ന രീതി സ്വഭാവികമാണ്. എന്നാൽ ഇപ്പോൾ ചിലർ രാജ്യത്ത് ബോധപൂർവ്വം നടത്തുന്ന പ്രചരണങ്ങൾ കേരളത്തിൻ്റെ ടൂറിസം ഇൻഡസ്ട്രിയെയും ടൂറിസം മേഖലയെയും ബാധിക്കും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അവര്‍ വരുന്നസമയത്ത് കുഴപ്പമുള്ള ആളാണെന്ന് സര്‍ക്കാരിനോ ഏജന്‍സിക്കോ അറിയില്ല. അവര്‍ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ഇപ്പോള്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ചിത്രീകരിക്കുകയാണ്. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം വിവാദം കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ കേരളം ഒരു കുഴപ്പംപിടിച്ച സംസ്ഥാനമാണെന്ന് ധരിക്കാനിടയാക്കും. ബിജെപിയിലെ നേതാക്കള്‍ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.