KeralaNews

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക.

ജൂൺ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും. നേരത്തെ സംസ്ഥാന സർക്കാർ സാധ്യതാപട്ടിക അയച്ചിരുന്നപ്പോൾ എം ആർ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതയെയും ഒഴിവാക്കണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയിരുന്നില്ല.

അനധികൃത സ്വത്ത് സമ്പാദനം, ആ‍ർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് പൂരം കലക്കൽ ആരോപണമായിരുന്നു. സംഭവത്തിൽ അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുള്ള ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പൂരം അലങ്കോലപ്പെട്ട സംഭവം അജിത് കുമാറിനെ വിളിച്ചറിയിക്കാൻ മന്ത്രി കെ രാജനും മറ്റുള്ളവരും ശ്രമിച്ചിരുന്നു. എന്നാൽ അജിത് കുമാർ ഫോൺ എടുത്തില്ല. പ്രശ്‌നങ്ങൾക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ ഒന്നും ചെയ്തില്ല. എഡിജിപിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എം ആർ അജിത് കുമാറിൻ്റെ ഡിജിപി സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു റിപ്പോർട്ട് സർക്കാരിലേക്ക് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button