KeralaNews

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുന്നണികൾക്കായി പൊലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. നിലമ്പൂർ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ 7 ഡിവൈഎസ്പിമാർ, 21 ഇൻസ്‌പെക്ടർമാർ ഉൾപ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക.

എന്നാൽ പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുമ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ല. സമയം അമൂല്യമായതിനാല്‍ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് അൻവറിന്റെ പദ്ധതി. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അന്‍വര്‍ അറിയിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്നാണ് പി വി അന്‍വര്‍ അറിയിച്ചത്.

കൊട്ടിക്കലാശം ഇന്ന് അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button