ക്ഷേമപെൻഷൻ കൈക്കൂലിയെന്ന അധിക്ഷേപം; പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവം തുറന്നുകാണിക്കപ്പെട്ടതായി മുഖ്യമന്ത്രി
ക്ഷേമപെൻഷനെ കൈക്കൂലിയെന്ന് വിളിച്ച് അധിക്ഷേപം നടത്തിയതിലൂടെ പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവം തുറന്നുകാണിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ എടക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ 18 മാസത്തെ കുടിശ്ശിക കൊടുത്തുതീർത്തതിന് ശേഷം വർധനവും കൊണ്ടുവന്നു.
മാസംതോറും കൃത്യമായി പെൻഷൻ കൊടുത്തു തീർക്കുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് കൈക്കൂലി എന്ന് ആരോപിക്കുന്നത്. കൈക്കൂലിയെന്ന് ആരോപിച്ചാലൊന്നും എൽഡിഎഫ് സർക്കാർ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ നാലര ലക്ഷം വീടുകൾ നിർമ്മിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവ ഏതാനും മാസത്തിനുള്ളിൽ പൂർത്തീകരിക്കും.
കേരളം അധിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറാൻ പോവുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും വലിയ മുന്നേറ്റം ഉണ്ടായി. ഉന്നത വിദ്യാഭ്യാസം കൂടുതൽ മികവിലേക്ക് ഉയർന്നു. കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. വന്യ മൃഗങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് നിരന്തരം അഭ്യർത്ഥന നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അഭ്യർത്ഥന കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല എന്നും വിമർശനമുന്നയിച്ചു. വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.