NationalNews

‘രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അസംബന്ധം’ – പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി(Rahul Gandhi)യുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരില്‍ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാല്‍, പക്ഷപാതപരമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് കമ്മീഷന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിലെയും വോട്ടര്‍ രജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയിലെയും തിരിമറി, കള്ളവോട്ട് തുടങ്ങിയവയിലൂടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം.

ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമത്തോടുള്ള അനാദരവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വസ്തുതകളെല്ലാം 2024 ഡിസംബര്‍ 24-ന് തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നല്‍കിയ മറുപടിയില്‍ പുറത്തുവിട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വസ്തുതകളെല്ലാം പൂര്‍ണ്ണമായും അവഗണിച്ചാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ആരെങ്കിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ആയിരക്കണക്കിന് പ്രതിനിധികള്‍ക്ക് കളങ്കം വരുത്തിവെക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് സുതാര്യമായി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുന്നതുകൂടിയാണിതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button