മതിലകത്ത് നാളെ ‘നക്ഷത്രത്തിളക്കം’; സിപി ട്രസ്റ്റിന്റെ പുരസ്കാര വേദിയിൽ മന്ത്രിമാരും താരങ്ങളും

തൃശ്ശൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി സിപി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘നക്ഷത്രത്തിളക്കം’ പുരസ്കാരദാന ചടങ്ങ് നാളെ (ജൂൺ 8) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസയിൽ വെച്ച് നടക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമാക്കാൻ മന്ത്രിമാരും ചലച്ചിത്ര താരങ്ങളും അണിനിരക്കും.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. 2024-25 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവർക്കാണ് ‘എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2025’ സമ്മാനിക്കുന്നത്.
ചടങ്ങിലെ മുഖ്യ ആകർഷണമായി ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ എത്തും. അദ്ദേഹം മൂവായിരത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് വിദ്യാർത്ഥികളുമായി സംവദിക്കാനും പുരസ്കാരങ്ങൾ വിതരണം ചെയ്യാനുമായി പ്രശസ്ത താരങ്ങളായ റഹ്മാൻ, കാവ്യാ മാധവൻ, രമേഷ് പിഷാരടി എന്നിവരും വേദിയിലെത്തും.
വിദ്യാർത്ഥികളെ കൂടാതെ അവരുടെ രക്ഷിതാക്കളെയും, നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ചടങ്ങിൽ പ്രത്യേകം ആദരിക്കും.