‘ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലേ’; വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലേ ചെയ്തതെന്ന് സുരേഷ് ഗോപി ചോദിച്ചു. രാജ്ഭവനിലെ പരിസ്ഥിതി പരിപാടിയിൽ നിന്ന് കൃഷിമന്ത്രി വിട്ടു നിന്ന സംഭവം ഓരോരുത്തരുടെ മന:സ്ഥിതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു. ബിജെപി നിലമ്പൂരിൽ പ്രചാരണത്തിൽ പിറകിലല്ല. തുടങ്ങിയതല്ലേയുള്ളൂ തുടക്കത്തിലല്ലല്ലോ കൊട്ടിക്കലാശമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നില മെച്ചപ്പെടുത്താൻ കഴിയുമോ എന്നുളളതല്ല പ്രധാനം. നിലമ്പൂരിലെ ജനങ്ങൾ പ്രതികരിക്കേണ്ട തിരഞ്ഞെടുപ്പാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാദങ്ങൾ കേരളത്തിൽ അരങ്ങ് തകർക്കുന്നു എന്നത് ദൗർഭാഗ്യകരമെന്നായിരുന്നു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. രാജ്ഭവന്റെ പരിപാടിയെ കുറിച്ച് അറിയില്ല. ഭാരതാംബ ചിത്രം മന്ത്രി വിവാദമാക്കിയത് ദൗർഭാഗ്യകരം. ഭാരത മാതാ കീ ജയ് എന്ന് സ്വാതന്ത്ര്യ സമരകാലത്ത് വിളിച്ചത് തെറ്റായിരുന്നോ?.അതിന് ഉത്തരം പറയട്ടെ. കാവി കണ്ടാൽ അങ്ങനെ ഇളകേണ്ട കാര്യമില്ല. രാജഭവനിലെ വിഷയം തനിക്ക് അറിയില്ല എന്ന് പി എസ് ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.