
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷനില്‍ ക്ഷേമ പെന്‍ഷനെതിരെ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. നിലമ്പൂരില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
വേണുഗോപാലിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രകടനങ്ങള്‍ നടത്താനാണ് നിര്‍ദേശം. ക്ഷേമ പെന്ഷന് തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പരാമര്‍ശം. ഇതിനെതിരെ മന്ത്രിമാരായ കെ എന്‍ ബാലഗോപാലും വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണെന്നും തിരഞ്ഞെടുപ്പ് പരാജയഭീതി കൊണ്ടാണ് പദ്ധതിയെ കെ സി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് യുഡിഎഫ് നേതൃത്വത്തിന്റേതെന്ന് കെ എന്‍ ബാലഗോപാലും പ്രതികരിച്ചു. കേരളത്തിലെ ക്ഷേമ പെന്ഷന് വാങ്ങുന്ന 62 ലക്ഷം ആളുകള്‍ വെറും മണ്ടന്മാരല്ലെന്നും ജനങ്ങളെ വില കുറച്ചു കാണാമോയെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. ‘പ്രസ്താവനയില്‍ കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതൃത്വവും മാപ്പ് പറയണം. ക്ഷേമ പെന്ഷന് കേരളത്തില്‍ മാതൃകാപരമായി നല്കുന്നു. ക്ഷേമ പെന്ഷന് നല്‍കുന്നത് കോണ്‍ഗ്രസിന് ഇഷ്ടപ്പെടുന്നില്ല എന്നാണ് അര്‍ത്ഥം. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വികസന കാര്യങ്ങള്‍ കോണ്‍ഗ്രസിന് പറയാനില്ല’, കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.