Uncategorized

ഉദ്ഘാടകനായി പാണക്കാട് അബ്ബാസ് അലി തങ്ങൾ, ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനത്തിന് തുടക്കം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ( Aryadan Shaukath ) മണ്ഡല പര്യാടനം മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പോത്തുകൽ മുണ്ടേരിയിൽ നിന്നാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. ഇന്നലെ വേറെ പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതെന്നും, ഇനിയുള്ള പ്രചാരണ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമെന്നും അബ്ബാസ് അലി പറഞ്ഞു.യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതിൽ ചിലർ പ്രചരിപ്പിക്കുന്നതുപോലെ മറ്റൊരു വിഷയവുമില്ല. ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായി. ഇനിയുള്ള എല്ലാ പരിപാടികളും പങ്കെടുക്കും. ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നും പാണക്കാട് അബ്ബാസ് അലി തങ്ങൾ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ പി കെ ബഷീർ എംഎൽഎ, എ പി അബ്ദുൾ വഹാബ് എംപി, കെപിസിസി വർക്കിങ് പ്രസിഡന്റുമായാ എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് തുടങ്ങിയവർ സംബന്ധിച്ചു. നിലമ്പൂരിൽ ഇന്നലെ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിന് പോയതിനാൽ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. പകരം, ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ കൂടിയായ പാണക്കാട് അബ്ബാസ് അലി തങ്ങളെയാണ് കൺവെൻഷനിൽ പങ്കെടുക്കാൻ നിയോഗിച്ചിരുന്നത്. എന്നാൽ ജില്ലയിൽ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങൾ കൺവെൻഷനിലേക്കെത്തിയിരുന്നില്ല.

പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സമീപകാല ചരിത്രത്തിലാദ്യമാണ്.
പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം വിവാദമായതോടെയാണ് പാണക്കാട് അബ്ബാസ് അലി തങ്ങളെക്കൊണ്ട് മണ്ഡല പര്യടന പരിപാടി ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. യുഡിഎഫ് കൺവെൻഷനിൽ കോൺഗ്രസ് നേതാക്കളും മുൻ കെപിസിസി പ്രസിഡന്റുമാരുമായ കെ സുധാകരനും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. നിലമ്പൂരിൽ നടന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button