KeralaNews

‘മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാക’; വിവി പ്രകാശിന്റെ വീട്ടില്‍ വോട്ട് തേടിയെത്തി പി വി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടില്‍ വോട്ട് തേടിയെത്തി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. ഇതുവരെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോലും വോട്ട് തേടിയെത്താത്ത വീട്ടില്‍ പി വി അന്‍വര്‍ ആദ്യം എത്തിയതിനെ പുതിയ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നാണെന്നും താനും പ്രകാശുമൊക്കെ കോളജിലും യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലുമൊക്കെ ഉണ്ടായിരുന്നവരാണെന്നും സന്ദര്‍ശനശേഷം അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വി വി പ്രകാശിന്റെ ഭാര്യയും മകളും ഭാര്യാപിതാവും അടക്കമാണ് പി വി അന്‍വറിനെ സ്വീകരിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം പി വി അന്‍വര്‍ ആദ്യമായി വോട്ട് തേടിയെത്തിയത് വി വി പ്രകാശിന്റെ വീട്ടിലേക്കാണ് എന്ന പ്രത്യേകതയുമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ്, താന്‍ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ആദ്യം വോട്ട് തേടി പോകുക വി വി പ്രകാശിന്റെ വീട്ടിലേക്ക് ആയിരിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പി വി അന്‍വര്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വി വി പ്രകാശിന്റെ വീട്ടിലേക്ക് പോയത്.

‘പഴയകാല സുഹൃത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നി നിലയ്ക്ക് ഇവിടെ എത്തി സ്മിതയെയും കുട്ടികളെയും കാണണമെന്നേ ഉദ്ദേശിച്ചുള്ളൂ. എല്ലാ മനുഷ്യരുടെയും പിന്തുണ തനിക്കുണ്ടാകും. അതില്‍ സ്വാഭാവികമായി വി വി പ്രകാശിന്റെ കുടുംബവും ഉള്‍പ്പെടുമല്ലോ. കുടുംബവുമായി പണ്ടും നല്ല അടുപ്പത്തിലാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്’- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ കുടുംബം പ്രതികരിച്ചത്. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടിയോടായിരിക്കും മരണം വരെ അനുഭാവമെന്നും അവര്‍ പറഞ്ഞു.നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കവേ അതൃപ്തി സൂചന നല്‍കി കുടുംബം രംഗത്തെത്തിയിരുന്നു. മകള്‍ നന്ദന പ്രകാശിന്റെ വി വി പ്രകാശിനെക്കുറിച്ചുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button