
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഓരോ പ്രതികളും 1,44,000 രൂപ വീതം പിഴയടയ്ക്കണമെന്നും തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ എം രതീഷ് കുമാര്‍ വിധിച്ചു.
കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്‍സണ്‍ (51), കിഴക്കോട്ടില്‍ ബിജു (46), കരിമ്പനവളപ്പില്‍ സതീഷ് (39), കരിമ്പനവളപ്പില്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ സനീഷ്(37) എന്നിവരാണ് കേസിലെ പ്രതികള്‍. ആകെ ഒന്‍പത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. കേസിലെ ആറാം പ്രതിയായിരുന്ന രവി വിചാരണയ്ക്കിടെ മരിച്ചു.
2010 മെയ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ വാളുകളും കമ്പിവടികളും ദണ്ഡുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ആക്രമണം തടയാന്‍ ശ്രമിച്ച ബിജുവിന്റെ സുഹൃത്ത് ജിനീഷിനെ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജിനീഷ് അടക്കം മൊത്തം 24 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു.