NationalNews

‘ജനങ്ങള്‍ അക്രമവും അഴിമതിയും കൊണ്ട് പൊറുതിമുട്ടുന്നു’; മമത ബാനർജിക്കെതിരെ നരേന്ദ്രമോദി

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമവും അഴിമതിയും നിയമരാഹിത്യവും മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും പശ്ചിമബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ബിജെപിയുടെ വികസന മോഡല്‍ വരാനായാണ് അവര്‍ കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. അലിപുര്‍ദുവാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുര്‍ഷിദാബാദിലും മാള്‍ഡയിലും നടന്ന വര്‍ഗീയ, അക്രമ സംഭവങ്ങള്‍ സാധാരണക്കാരായ ജനങ്ങളോടുളള ഭരണകൂടത്തിൻ്റെ ക്രൂരതയും നിസംഗതയും ഓര്‍മ്മിപ്പിക്കുന്നതാണ്. ബംഗാളിലെ നിയമവ്യവസ്ഥ തകര്‍ന്നു. പശ്ചിമബംഗാള്‍ നിരവധി പ്രതിസന്ധികളാണ് ഇന്ന് നേരിടുന്നത്. അവര്‍ക്ക് അവരോട് ക്രൂരമായി പെരുമാറുന്ന സര്‍ക്കാരല്ല വേണ്ടത്. നല്ല മാറ്റവും നല്ല ഭരണവും വേണം. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സംസ്ഥാനത്തെ സ്ത്രീജനങ്ങളില്‍ അരക്ഷിതബോധം വളര്‍ന്നുവരികയാണ്. നിരന്തരം നടക്കുന്ന ക്രൂരകൃത്യങ്ങള്‍ അവരുടെ ഭയം വര്‍ധിപ്പിക്കുന്നു.’-നരേന്ദ്രമോദി പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ മൂലം സംസ്ഥാനത്തെ യുവാക്കള്‍ നിരാശരാണെന്നും വ്യാപക അഴിമതി മൂലം സര്‍ക്കാരിനോടുളള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘പഹല്‍ഗാമില്‍ ഭീകരര്‍ ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. സിന്ദൂറിന്റെ ശക്തി എന്താണെന്ന് ഭീകരര്‍ കണ്ടു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അവര്‍ക്ക് മനസിലായി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല. താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പാകിസ്താന് ഇന്ത്യ ചിന്തിക്കാനാകാത്ത തിരിച്ചടിയാണ് നല്‍കിയത്’- നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button