KeralaNews

‘അൻവർ നാവടക്കണം, പി സി ജോർജിന്റെ നിലവാരത്തിലെത്തി’; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ആര്യാടൻ ഷൗക്കത്തിനെതിരെ രംഗത്തുവന്ന നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. പി വി അൻവർ പി സി ജോർജിന്റെ നിലവാരത്തിലേക്ക് എത്തിയെന്നും അൻവർ നാവടക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഓർമിപ്പിച്ചുകൊണ്ടും കൂടിയായിരുന്നു എംപിയുടെ പ്രതികരണം. കെ സി വേണുഗോപാലിനെക്കുറിച്ച് അൻവർ അന്നും ഇന്നും പറഞ്ഞത് എന്താണെന്ന് സമൂഹത്തിന്റെ മുൻപിലുണ്ട്. രാഹുൽ ഗാന്ധിയെക്കറിയിച്ചുള്ള ഡിഎൻഎ പരാമർശവും വി ഡി സതീശനെക്കുറിച്ചുള്ള പരാമർശവും പൊതുമധ്യത്തിലുണ്ട്. ഇതെല്ലം സഹിച്ചും പൊറുത്തുമാണ് അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചത് എന്നും ഉണ്ണിത്താൻ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും പാർട്ടിയെ ഭീഷണിപ്പെടുത്തി ആവശ്യങ്ങൾ അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. അൻവർ സ്വയം ശാന്തനാകണമെന്നും പാർട്ടി ഇത്തരം ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ല എന്നും എംപി ആഞ്ഞടിച്ചു. ആര്യാടൻ ഷൗക്കത്തിനെതിരെ പ്രതികരിച്ച നടപടിയെയും എംപി വിമർശിച്ചു. നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥിയാണ് ഷൗക്കത്ത്. ഈ സ്ഥാനാർത്ഥിക്ക് ആർക്ക് വേണമെങ്കിലും പിന്തുണ നൽകാം. വ്യക്തിയായാലും, സംഘടനയായാലും ഒരു മുന്നണിയിൽ എടുക്കണമെങ്കിൽ ചർച്ച അത്യാവശ്യമാണെന്നും ഒരാൾക്ക് മാത്രമായി അത് തീരുമാനിക്കാനാകില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെത്തന്നെയാണ് അതൃപ്തി പരസ്യമാക്കി പി വി അൻവറും രംഗത്തുവന്നത്. വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് ആര്യാടന്‍ ഷൗക്കത്തെന്നും അങ്ങനെയുള്ളയാള്‍ പിണറായിസത്തെ എങ്ങനെ തോല്‍പ്പിക്കുമെന്നുമാണ് പി വി അന്‍വര്‍ ചോദിച്ചത്. ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സിപിഐഎമ്മിനെതിരെയോ സര്‍ക്കാരിനെതിരെയോ ഒരു വരി എഴുതിയതായി കാണാന്‍ കഴിയില്ല. സിപിഐഎമ്മുമായി അദ്ദേഹത്തിന് നല്ല സൗഹൃദമാണുള്ളതെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button