KeralaNews

പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവായി; ആശ്വാസമായത് റവന്യൂ മന്ത്രി കെ രാജന്‍റെ ഇടപെടല്‍

സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങള്‍ പ്രകാരം നല്‍കിയ പട്ടയത്തിന്റെ അസല്‍ പകര്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് ഇനി ആശ്വസിക്കാം. അത്തരം കേസുകളില്‍ ജില്ലാ കളക്ടര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ പ്രത്യേക ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പട്ടയം നഷ്ടപ്പെട്ടു എന്ന കാരണത്താല്‍ നിരവധി അപേക്ഷകളാണ് മന്ത്രിക്ക് വന്നിരുന്നത്. അത്തരം പരാതികള്‍ മന്ത്രി കെ രാജന്‍ ഗൗരവമായി പരിശോധിക്കുകയും അതിന് പരിഹാരം ഉണ്ടാക്കണം എന്ന് നിര്‍ദ്ദേശിച്ചതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പട്ടയം നഷ്ടപ്പെട്ടതു മൂലം ബാങ്കില്‍ നിന്ന് വായ്പയെടുക്കാനോ, ഭൂമി ക്രയവിക്രയം ചെയ്യാനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാവുകയാണ് ഈ ഉത്തരവിലൂടെ. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൊടുക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ കളക്ടര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക എന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

2020 ല്‍ സമാനമായി ഒരുത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു എങ്കിലും 1964 ലെ ചട്ടങ്ങള്‍, 1995 ലെ ചട്ടങ്ങള്‍, 1993 ലെ ചട്ടങ്ങള്‍ എന്നിങ്ങനെ 3 ഭൂപതിവു ചട്ടങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട ചട്ടങ്ങള്‍ക്കു മാത്രമായിരുന്നു ആ ഉത്തരവ് ബാധകമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 15 വ്യത്യസ്ത ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിക്കപ്പെട്ട കേസുകളില്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ അക്കൗണ്ടില്‍ പട്ടയ കക്ഷിയുടേയും, തുടര്‍ന്നുള്ള നിയമാനുസൃത കൈമാറ്റങ്ങള്‍ മുഖേന നിലവിലെ കൈവശക്കാരന്റേയോ പേരില്‍ ഭൂനികുതി ഒടുക്കി വരുന്നതുമായ സാഹചര്യങ്ങളില്‍, പട്ടയ ഫയല്‍ പ്രകാരമുള്ള ഭൂമി തന്നെയാണ് കൈവശ ഭൂമിയെന്ന് ഉറപ്പു വരുത്തിക്കൊണ്ട്, ആധികാരികത ബോധ്യപ്പെടുന്ന സംഗതികളില്‍ പട്ടയം ലഭിച്ച ആളില്‍ നിന്നും നിയമപ്രകാരം ഭൂമി കൈമാറ്റം ചെയ്തു ലഭിച്ച നിലവിലെ കൈവശക്കാരന്റെ പേരില്‍, നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button