
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്പൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചയാളാണ് ഷൗക്കത്ത്. ഇതിന്റെ ഭാഗമായി വയനാടില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഷൗക്കത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിസത്തെ തോല്‍പ്പിക്കാന്‍ ആര്യാടന് ഷൗക്കത്തിന് കഴിയുമോയെന്നും പിവി അന്‍വര്‍ ചോദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിനെതിരെ ഒരുഫെയ്സ്ബുക്ക് പോസ്റ്റെങ്കിലും ഷൗക്കത്ത് ഇട്ടിട്ടുണ്ടോ?. വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് ഷൗക്കത്തെന്നും സിപിഎം നേതൃത്വുമായി അദ്ദേഹത്തിന് നല്ലബന്ധമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേരത്തെ തന്നെ താന്‍ നിലപാട് പറഞ്ഞിരുന്നു. വ്യക്തിപരമായി ആര്യാടന് ഷൗക്കത്തുമായി തനിക്ക് ഒരുപ്രശ്നവും ഇല്ല. വിഎസ് ജോയി തന്റെ സഹോദരി പുത്രനുമല്ല. മലയോരമേഖലയിലെ ഒരു പ്രതിനിധി വേണമെന്നതിന്റെ ഭാഗമായാണ് വിഎസ് ജോയിയുടെ പേര് താന്‍ പറഞ്ഞത്. തന്റെ അഭിപ്രായം യുഡിഎഫ് പരിഗണിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ജോയിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് തഴയപ്പെട്ടത്. ജോയിക്ക് വേണ്ടി നേതൃത്വത്തില്‍ നിന്ന് ആരും സംസാരിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.