
ദേശീയപാത വിഷയത്തിലെ ആശങ്ക നേരിട്ട് അറിയിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിധിൻ ഗഡ്കരിയെ നേരിട്ട് കാണും. ഇതിനായി ജൂൺ 3, 4 തീയതികളിൽ മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കും എന്നാണ് വിവരം.ദേശീയപാത തുടർപ്രവർത്തനങ്ങളും നിധിൻ ഗഡ്കരിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ധരിപ്പിക്കും. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചക്കുള്ള സമയം തേടിയിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം പാലക്കാട് ആലത്തൂരിലെ ദേശീയപാതയും ഇടിഞ്ഞ് താഴ്ന്നിരുന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. കള്‍വേര്‍ട്ട് നിര്‍മ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്.
അതേസമയം തുടർച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം ഡീബാര്‍ ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.