KeralaNews

കോൺ​ഗ്രസിനും ലീ​ഗിനും ജമാ അത്തെ ഇസ്ലാമിയുമായി പരസ്യബന്ധം; പക്ഷേ മുസ്ലിം സമുദായം ആ കെണിയിൽ വീഴില്ല: മുഖ്യമന്ത്രി

സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനും മുസ്ലിം സമൂഹത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ മുസ്ലിം സമുദായം ജമാ അത്തെ ഇസ്ലാമിയുടെ ആ കെണിയില്‍ വീണിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മുസ്ലിങ്ങളിലെ പ്രബല വിഭാഗം സുന്നികളാണ്. അവര്‍ ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ ജമാ അത്തെ ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. എപ്പോഴൊക്കെ യുഡിഎഫ് ദുര്‍ബലമാകുന്നു അല്ലെങ്കില്‍ കുഴപ്പത്തില്‍ ചാടുന്നു അപ്പോഴൊക്കെ സഹായവുമായി ജമാ അത്തെ ഇസ്ലാമി വരുന്നു. മുമ്പ് ഈ പിന്തുണ രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍ ഇത് പരസ്യമായിട്ടാണ്. മുന്‍കാലത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയെ എതിര്‍ത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയുമായി സഹകരിച്ചുപോരുകയാണ്. മുമ്പ് രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പരസ്യമായിട്ടാണെന്ന് മാത്രം. തെറ്റായതും വ്യാജവുമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിവുള്ള ശക്തരായ ബുദ്ധിജീവികളും സംഘടനാ സംവിധാനവും ജമാ അത്തെ ഇസ്ലാമിക്കുണ്ട്. എന്നാല്‍ ഇന്നത്തെ സമൂഹത്തിന് ഇതൊക്കെ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസുമായി സഹകരിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ആര്‍എസ്എസുമായുള്ള സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണ്. അത് ഇപ്പോഴും തുടരുകയാണ്. ആര്‍എസ്എസിനും ജമാ അത്തെ ഇസ്ലാമിക്കും ഒന്നാം നമ്പര്‍ ശത്രു പിണറായി വിജയന്‍ ആണല്ലോയെന്ന ചോദ്യത്തിന്, അതിനുള്ള ഉത്തരം വളരെ ലളിതമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഞങ്ങളാണ് യഥാര്‍ത്ഥ മതനിരപേക്ഷവാദികള്‍. നമ്മള്‍ മതേതരത്വത്തിന്റെ വക്താക്കളാകുമ്പോള്‍, എല്ലാ വര്‍ഗീയ ശക്തികളും നമ്മളെ എതിര്‍ക്കും. മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ആര്‍എസ്എസ് ഗൗരവമായ ശ്രമമാണ് നടത്തുന്നത്. ഒരു പ്രത്യേക സംഘടന തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായുള്ള പ്രചാരണത്തിനായി നല്ല പിന്തുണയും ഫണ്ടും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button