‘വിജയത്തിന്റെ മധുരം…. തുടരും’; മുഖ്യമന്ത്രിക്ക് മധുരം നൽകുന്ന ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

എൽ ഡി എഫ് സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് മധുരം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം കേക്ക് മുറിച്ചിരുന്നു. കൂടെയുള്ള മന്ത്രിമാർക്കും വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രി തന്നെ കേക്ക് മുറിച്ച് നൽകിയിരുന്നു.
ഇതിന് ശേഷമാണ് മന്ത്രി റിയാസ് മുഖ്യമന്ത്രിക്ക് മധുരം നൽകിയത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പോസ്റ്റ് വൈറലായി. പതിനായിരക്കണക്കിന് പേർ ലൈക്ക് ചെയ്യുകയും ആയിരത്തിലേറെ പേർ കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. ആശംസകളും അഭിവാദ്യങ്ങളും അർപ്പിച്ച് നിരവധി പേർ കമന്റ് ബോക്സിൽ എത്തി. ആശംസകൾക്ക് മന്ത്രി തന്നെ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.
സർക്കാർ വാർഷികദിനത്തിൽ കൊച്ചിയിൽ വെച്ചും മുഖ്യമന്ത്രി കേക്ക് മുറിച്ചിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്.