‘എംപിയാക്കാൻ കഠിനാധ്വാനം ചെയ്തത് പാവപ്പെട്ട ജനം’ ; ശശി തരൂരിനെതിരെ വിമർശനവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

ശശി തരൂരിനെ എംപിയാക്കാൻ കഠിനാധ്വാനം ചെയ്തത് പാവപ്പെട്ട ജനങ്ങളാമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ സ്വന്തം പാർട്ടിയെ കൂടി ശശി തരൂർ ശ്രദ്ധിക്കണം. പാർട്ടിയുടെ നിയന്ത്രണത്തിലാകാൻ ശശി തരൂർ തയ്യാറാകണം. പാർട്ടി വലയത്തിന് പുറത്തേക്ക് ശശി തരൂർ പോകരുതെന്നാണ് അഭിപ്രായം. വലയത്തിനു പുറത്തു പോയി പ്രവർത്തിക്കുമ്പോൾ പല അഭിപ്രായങ്ങൾ വരും. ശശി തരൂർ വിവാദത്തിൽ ഒരു ക്ഷീണവും കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗത്തിനെ ഉൾപ്പെടെ മുന്നണിയിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കും. അക്കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. മൂന്നാം തവണ പിണറായി വിജയൻ അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന തരൂര്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ അടുക്കുകയാണ്. വിദേശ കാര്യ വിദഗ്ധനായ തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് തരൂരിനോട് സംസാരിച്ചു എന്ന സൂചനയുണ്ട്. വിദേശങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു നയതന്ത്ര തസ്തികയില്‍ തരൂരിനെ നിയമിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് ഏറെ താല്‍പര്യപ്പെടുന്നത്. ഒരു ഓണററി പദവിയെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകില്ല.