
താൻ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ. രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനായാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. അതാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി എന്തു സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തൻറെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഭീകരവിരുദ്ധ പ്രചാരണത്തിനായി സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ ചെയര്‍മാനായ പ്രതിനിധി സംഘം ശനിയാഴ്ച്ചയാണ് യാത്ര തിരിക്കുക. ആദ്യം പോവുക സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയിലേക്കായിരിക്കുമെന്നും പിന്നീട് കൊളംബിയയും ബ്രസീലും അമേരിക്കയും സന്ദര്‍ശിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററി ബ്രീഫിംഗിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനുള്‍പ്പെട്ട പ്രതിനിധി സംഘത്തിന്റെ ബ്രീഫിംഗ് വെളളിയാഴ്ച്ചയായിരിക്കും. ചില സംഘങ്ങള്‍ നേരത്തെ പോകുന്നുണ്ട്. അതുകൊണ്ട് നാളെ അവരുടെ മീറ്റിംഗ് നടക്കും. അമേരിക്കയില്‍ ബിഗ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡ് ആയതിനാലും ജൂണ്‍ 2 വരെ യുഎസ് കോണ്‍ഗ്രസ് ചേരുന്നില്ല എന്നതിനാലും ഞങ്ങളുടെ പ്രതിനിധി സംഘം അല്‍പ്പം വൈകിയേ അമേരിക്കയിലേയ്ക്ക് പോകുന്നുളളു. അവിടെ നേരത്തെ എത്തുന്നതില്‍ അര്‍ത്ഥമില്ല. മെയ് 24-ന് സംഘം പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ ആദ്യം ജോര്‍ജ്ജ് ടൗണിലേക്കും (ഗയാന), പിന്നീട് പനാമയിലേക്കും കൊളംബിയയിലേക്കും ബ്രസീലിലേക്കും ഒടുവില്‍ അമേരിക്കയിലേക്കുമായിരിക്കും പോവുക’- ശശി തരൂര്‍ പറഞ്ഞു..