
താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി മുന്‍ ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടിയും ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പാനലിനെ തള്ളി നിയമനം നടത്തിയ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.
മെയ് 28ന് വി സിമാരുടെ കാലാവധി അവസാനിക്കുന്നതുകൊണ്ടാണ് നിയമനത്തില്‍ ഇടപെടാത്തത് എന്ന കോടതിയുടെ നിലപാട് ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ശക്തമായ താക്കീതാണ്. സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം താത്കാലിക വി സി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് ആകണമെന്ന ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് രാഷ്ട്രീയ താത്പര്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന ബി ജെ പി സര്‍ക്കാരിനുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധി. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ച് മുന്‍ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ കാവിവത്കരണം നടത്തിയപ്പോള്‍ അതിനൊപ്പം നിന്ന യു ഡി എഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ് ഈ കോടതി വിധിയെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.