
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇ ഡിയില്‍ അധികവും സഖാക്കളാണ് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ ഡിയിലെ ഉദ്യോഗസ്ഥര്‍ കേസില്‍ പെടുന്നത് വലിയ സംഭവമല്ലെന്നും നിരവധി പൊലീസുകാരും കേസുകളില്‍ കുടുങ്ങുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇ ഡിയിലെ ഉദ്യോഗസ്ഥന്മാര്‍ കേസില്‍പ്പെടുന്നതൊക്കെ വലിയ സംഭവമാണോ? കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എത്ര കേസുകളില്‍ പ്രതികളാകുന്നുണ്ട്. ആരോപണം ശരിയാണോ അല്ലയോ എന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. അതിനു മുന്‍പ് വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഇഡി ഉദ്യോഗസ്ഥന്മാരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണ് എന്ന അഭിപ്രായം എനിക്കില്ല. കസ്റ്റംസിലും ഇ ഡിയിലുമൊക്കെ അധികവും സഖാക്കളാണ്’- കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇ ഡിയുടെ കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലി കേസില്‍ കുടുങ്ങിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. സംഭവത്തിൽ രണ്ടുലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിനിടെ രണ്ടുപേരെ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണം എത്തിയത്. നേരത്തെ കൊടകര കള്ളപ്പണ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ശേഖർ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു.