
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നൽകിയ പട്ടികയിൽ പേരില്ലാത്ത ശശിതരൂരിനെ നിയോഗിച്ച സർക്കാർ നടപടിയും പ്രതിനിധി സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനവും സംബന്ധിച്ച് കോൺഗ്രസിനുള്ളില് ഉരുത്തിരിഞ്ഞ അസ്വസ്ഥത മൂർച്ഛിക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളിലും ഇതിനെച്ചൊല്ലി അതൃപ്തി പുകയുകയാണ്.
ബിജെപി സർക്കാരിന്റെ സമ്മർദ്ദത്തിനും തരൂരിന്റെ കർശന നിലപാടിനും മുന്നിൽ ഒടുവിൽ, ഹൈക്കമാൻഡ് വഴങ്ങിയെങ്കിലും, വിഷയത്തിൽ പാർട്ടി പോംവഴികൾ തേടുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയത് മാത്രമല്ല, കോൺഗ്രസ് നൽകിയ പട്ടികയിലെ നാലിൽ മൂന്ന് പേരെയും ഒഴിവാക്കിയ സർക്കാരിന്റെ നടപടിയും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും വലിയ ക്ഷീണമായി.
പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ പിൻവലിക്കാൻ കോൺഗ്രസ് തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്. നടപടിക്രമമനുസരിച്ച്, ഒരു പാർട്ടിക്ക് നിലവിൽ ആ സ്ഥാനത്തുള്ള എംപിയെ മാറ്റി മറ്റൊരാളെ നാമനിർദ്ദേശം ചെയ്യാം. അല്ലെങ്കിൽ എംപിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടാം. ഇതിലേതെങ്കിലും ഒന്ന് ചെയ്തേക്കുമെന്നാണ് ഹൈക്കമാൻഡുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.
വിദേശകാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് നിന്ന് തരൂരിനെ നീക്കാനുള്ള ശ്രമം വേഗത്തിൽ വിജയിക്കാനുള്ള സാധ്യതയില്ല. കാരണം, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽകോൺഗ്രസിന്റെ ആവശ്യങ്ങൾക്ക് മോദി സർക്കാർ വഴങ്ങാനുള്ള സാധ്യതയില്ലെന്ന് ഇന്ത്യ ബ്ലോക്കിലെ ഒരു എംപി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “സ്പീക്കർ വഴി സർക്കാരിന് അതിനെ ചെറുക്കാൻ കഴിയും. കോൺഗ്രസ് നിർബന്ധിച്ചാൽ, 2019-ൽ ചെയ്തതുപോലെ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ബിജെപിക്ക് തിരിച്ചുപിടിക്കാനും കഴിയും,” അദ്ദേഹം പറഞ്ഞു.
തരൂർ വിഷയത്തിൽ പാർട്ടിയിൽ ഭിന്നത ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി അച്ചടക്കം സംബന്ധിച്ച് പ്രസ്താവനകൾ നടത്താൻ തുടങ്ങിയിട്ടുണ്ട്. തരൂരിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാർട്ടി ചെയ്യില്ലെന്ന സന്ദേശം ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.