
ഇന്ത്യൻ സൈന്യത്തിലെ കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയവും സ്ത്രീ വിരുദ്ധവുമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കെ. രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയരുകയാണ്. കേണൽ ഖുറേഷിയെ ‘തീവ്രവാദികളുടെ സഹോദരി’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഈ പരാമർശം സൈനികരുടെ ആത്മാർത്ഥ സേവനത്തെയും സേനയുടെ അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് എം.പി പറഞ്ഞു.
“ഓപ്പറേഷൻ സിന്ദൂർ” പോലുള്ള അതീവ പ്രാധാന്യമുള്ള സൈനിക ദൗത്യത്തിന് നേതൃത്വം നൽകുകയും രാജ്യസുരക്ഷയ്ക്ക് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത കേണൽ സോഫിയ ഖുറേഷിക്കെതിരെ ഇത്തരം പരാമർശം നടത്തിയിട്ടും ബിജെപി യുടെ ഉന്നത നേതൃത്വം ഇതിനെതിരെ പ്രതികരിക്കാനോ മന്ത്രിയെ തള്ളി പറയാനോ തയ്യാറായിട്ടില്ല എന്നത് ബി ജെ പി യുടെയും സംഘപരിവാറിൻ്റെയും ഇരട്ടതാപ്പാണ് വ്യക്തമാക്കുന്നത്. സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അനുവദിക്കാനാവില്ല. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തിനും സേനയുടെ ആത്മാവിനെയും നോവിക്കുന്നതാണെന്ന് എം.പി പറഞ്ഞു.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇടപെടലിനെയും മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനെയും സ്വാഗതം ചെയ്യുന്നതായും എം.പി വ്യക്തമാക്കി. മന്ത്രിയുടെ പൊതു മാപ്പ് പ്രസ്താവന കൊണ്ട് വിഷയം ഒതുക്കി തീർക്കാനാവില്ല. അങ്ങേയറ്റം വിഷലിപ്തമായ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സൈന്യത്തെയും, രാജ്യസുരക്ഷക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന മുഴുവൻ ശ്രമങ്ങളെയും നാം ശക്തമായി എതിർക്കണം. കേണൽ സോഫിയ ഖുറേഷിക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായി എം.പി. പറഞ്ഞു.