KeralaNews

‘വന്യമൃഗ ശല്യത്തിനെതിരെ അവസാനശ്വാസം വരെ പോരാടും, നിശബ്ദനാകുന്ന ആളല്ല ഞാൻ ‘: കെ യു ജനീഷ് കുമാർ

പത്തനംതിട്ട: അവസാനശ്വാസം വരെ വന്യമൃഗ ശല്യത്തിനെതിരെ താൻ പോരാടുമെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. വനം ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ, തന്നെ തകർത്തേക്കാമെന്ന് ചിലർ കരുതുകയാണെന്നും , വളഞ്ഞിട്ടാക്രമിക്കുന്നവരോട് ‘അങ്ങനെ നിശബ്ദനാകുന്ന ആളല്ല താൻ’ എന്ന് മാത്രമെ പറയാൻ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു . വന്യമൃഗ ശല്യം പരിഹരിക്കാൻ രാജ്യത്തുള്ള നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു വ്യക്തിയെക്കൊണ്ടോ ഒരു ഇടപെടൽ കൊണ്ടോ മാത്രം പരിഹരിക്കാവുന്ന പ്രശ്നം അല്ല വന്യമൃഗ ശല്യം. നിരന്തര ഇടപെടലിൽ കൂടി മാത്രമേ വന്യമൃഗ ശല്യത്തിൽ പരിഹാരമാകുവെന്നും അദ്ദേഹം പറഞ്ഞു.

‘വന്യമൃഗ ശല്യം അനുഭവിച്ചവർക്കേ അതിൻ്റെ പ്രയാസം മനസ്സിലാകൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം മാറണമെങ്കിൽ ഇവിടെ വന്ന് ഒരു വാഴ വെയ്ക്കണം, എന്നിട്ട് വിളവെടുപ്പിന് പാകമാകുമ്പോൾ ആനയും കാട്ടുപന്നിയുമൊക്കെ വാഴ കൊണ്ടു പോകണം, അപ്പോഴാണ് അതിന്റെ വിഷമം മനസിലാകൂ ‘ എന്നും കെയു ജനീഷ് കുമാർ എംഎൽഎ വ്യക്തമാക്കി.

പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാ‍ർ വനംവകുപ്പ് ഓഫീസിൽ എത്തി മോചിപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരോട് എംഎല്‍എ കയർത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം. അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാ‍ർ എംഎൽഎയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button