NationalNews

കോണ്‍ഗ്രസ് പ്രതിനിധികളില്‍ മാറ്റമില്ല; സര്‍ക്കാരിന്റെ നടപടിയില്‍ സത്യസന്ധതയില്ലെന്ന് ജയറാം രമേഷ്

ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയ ശശി തരൂരിനെ പരോക്ഷമായി ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ്. വിദേശ രാജ്യത്തേക്കുള്ള സര്‍വകക്ഷി സംഘത്തെ തെരഞ്ഞെടുത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇത് പരസ്പര വിശ്വാസത്തോടെ പോകേണ്ട സമയമാണെന്നും സര്‍ക്കാര്‍ നീക്കം ആശ്ചര്യപ്പെടുത്തുന്നതാണെന്നും രമേഷ് പറഞ്ഞു. കോണ്‍ഗ്രസ് നല്‍കിയ പ്രതിനിധികളുടെ പേരില്‍ മാറ്റമുണ്ടാവില്ലെന്നും തങ്ങളോട് പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നും ജയറാം രമേഷ് പറഞ്ഞു

‘സര്‍ക്കാര്‍ നാല് പേരുകള്‍ ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ അവര്‍ക്ക് നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പ് അതിശയിപ്പിക്കുന്നതായിരുന്നു. സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സത്യസന്ധതയല്ല. ഇത് അവസരവാദ രാഷ്ട്രീയമാണ്. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം. സര്‍വകക്ഷി സംഘത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണ്. നാല് പേരുകളില്‍ ഞങ്ങള്‍ ഒരു മാറ്റവും വരുത്തില്ല’

‘കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഞങ്ങളോട് നാല് പേരുകള്‍ ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ നാല് പേരുകള്‍ നല്‍കിയിരുന്നു, പ്രതിനിധി സംഘത്തില്‍ ആ നാല് പേരുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല, കോണ്‍ഗ്രസ് അതിന്റെ കടമ നിര്‍വഹിച്ചു. സര്‍ക്കാര്‍ സത്യസന്ധമായി പേരുകള്‍ ചോദിക്കുന്നുണ്ടെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ പേരുകള്‍ നല്‍കിയത്’. ജയറാം രമേശ് പറഞ്ഞു.

സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതില്‍ ഒന്നിനെ നയിക്കാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെയുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിന്ന് ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നീ എംപിമാരും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗള്‍ഫിലേക്കും 3 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button