
പത്തനംതിട്ട കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. വനംവകുപ്പ് ഓഫീസിൽ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിൽ ആണ് വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർ പരാതി നൽകിയത്. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാർ വനംവകുപ്പ് ഓഫീസിൽ എത്തി മോചിപ്പിച്ചിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എംഎല്‍എ കയർത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം.
അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാർ എംഎൽഎയുടെ വാദം. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.