
സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റ് ആക്കിയത് പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ചുള്ള തീരുമാനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ തീരുമാനം കോൺഗ്രസ് പ്രവർത്തകർ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. സോഷ്യൽ ബാലൻസ് മാത്രമല്ല പ്രവർത്തന മികവും പരിഗണിച്ചാണ് പുതിയസമിതിയെ തിരഞ്ഞെടുത്തത്. യുവാക്കളെയടക്കം പരിഗണിക്കുന്ന നല്ലൊരു പട്ടികയാണ് പുറത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം കെ സുധാകരൻ മികച്ച പ്രസിഡൻ്റായിരുന്നുവെന്നും അർഹമായ പരിഗണനയാണ് കെ സുധാകരന് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പരിഗണനയിലുണ്ടായിരുന്ന ആന്റോ ആന്റണിയും മികച്ച നേതാവാണ്. അടുത്ത ഭരണം യുഡിഎഫിന് എന്ന് വ്യക്തമാക്കുന്ന പുനസംഘടനയാണ് നടന്നതെന്നും ഹൈക്കമാൻഡ് തീരുമാനം പാർട്ടിക്ക് ഗുണകരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെയാണ് പുതിയ കെപിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കുമെന്നാണ് വിവരം.
അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്, ടി സിദ്ധീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി. പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍ നിന്നു നീക്കി. ബിഹാറിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍ ഡോ. അഖിലേഷ് പ്രസാദ് സിങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.