KeralaNews

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; പരിപാടികള്‍ മാറ്റിവെക്കാന്‍ തീരുമാനം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു. ആഘോഷം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ആരംഭിച്ച എക്‌സിബിഷന്‍ പൂര്‍ത്തിയാക്കും. കലാപരിപാടികളും പ്രഭാത പരിപാടികളും ഒഴിവാക്കി. എല്‍ഡിഎഫ് റാലിയുടെ കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കും. ഇനി നടക്കാനുളള ആറ് ജില്ലകളിലെ പരിപാടികള്‍ മറ്റൊരു സമയത്തേക്ക് മാറ്റിവെച്ചു. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാനുളള തീരുമാനം.

ഭീകരവാദികളെ ശക്തമായി നേരിടണമെന്ന നിലപാട് രാജ്യത്ത് ഒറ്റക്കെട്ടായി ഉയര്‍ന്നുവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാകിസ്താന്‍ തുടരെ തുടരെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷത്തില്‍ അയവ് വരുന്ന സാഹചര്യമല്ല കാണുന്നതെന്നും മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 21-നാണ് സംസ്ഥാനത്തെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കമായത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍, മേഖല തിരിച്ച് നാല് കൂടിച്ചേരലുകള്‍, പ്രദര്‍ശന വിപണന മേളകള്‍ തുടങ്ങിയ പരിപാടികളാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. മെയ് 30 വരെ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് ആഘോഷം തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button