
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വ്യവസായി അദാനിയെ പാർട്ണർ ആയിട്ടല്ല കാണുന്നത് മറിച്ച് അദാനിയെയും കൂടെ ചേർത്ത് പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ സര്‍ക്കാരിന്‍റെ പാർട്ണർ എന്ന് വിശേഷിപ്പിച്ചുവെന്ന നരേന്ദ്ര മോദിയുടെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രസ്താവനയ്ക്കെതിരെയാണ് എം വി ഗോവിന്ദൻ്റെ പ്രതികരണം. അതേ സമയം, വിഴിഞ്ഞം ഉദ്ഘാടന ദിനത്തിൽ വേദിയിൽ നേരത്തെ കയറി ഇരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തിയെയും എം വി ഗോവിന്ദൻ പരിഹസിച്ചു.
ചടങ്ങിലൂടെ രാജീവ് ചന്ദ്രശേഖർ സ്വയം പരിഹാസ്യനായെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി രാഷ്ട്രീയം സംസാരിച്ചതിലും എം വി ഗോവിന്ദൻ മറുപടി നൽകി. വേദിയിൽ രാഷ്ട്രീയം പറയാൻ പാടില്ല എന്നില്ല. വിഴിഞ്ഞം കമ്മീഷനിങ്ങിന്റെ അന്ന് മുഖ്യമന്ത്രി പറഞ്ഞതും പ്രധാനമന്ത്രി പറഞ്ഞതും മന്ത്രി വി എൻ വാസവൻ പറഞ്ഞതും രാഷ്ട്രീയമാണ്. രാഷ്ട്രത്തിൻ്റെ പ്രധാനമന്ത്രി വന്ന് സംസാരിക്കുമ്പോൾ രാഷ്ട്രീയം പറയും, അല്ലാതെ കുമ്പളങ്ങയെപ്പറ്റി പറയാൻ പറ്റില്ലെല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസിലെ നേതൃമാറ്റ ചർച്ചകളിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ആര് കോണ്‍ഗ്രസ് അധ്യക്ഷൻ ആയാലും സിപിഐഎമ്മിന് അത് പ്രശ്നമല്ലായെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സുധാകരനെ മാറ്റിയാലും മാറ്റിയില്ലെങ്കിലും കോൺഗ്രസിൽ തർക്കം ആയിരിക്കും. കണ്ടാൽ തിരിച്ചറിയുന്ന ആളെ കെപിസിസി അധ്യക്ഷൻ ആക്കണം എന്നാണ് മുരളി പറഞ്ഞത്. അതിൽ നിന്നു തന്നെ ഒന്നാം പേരുകാരന് എതിരായ വിമർശനമാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആൻ്റോ അൻ്റണി എം പിക്കാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണന. എന്നാൽ പേരെടുത്ത് പറയാതെയായിരുന്നു എം വി ഗോവിന്ദൻ്റെ പരാമർശം.
അതേ സമയം, മലപ്പുറത്തും തിരുവനന്തപുരത്തും പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടും പേവിഷ ബാധയുണ്ടായി കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ നൽകിയ വാക്സിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.