
സംസ്ഥാന കോൺഗ്രസ് നേതൃപദവിയിൽ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കെ സുധാകരന് പകരം ആര് കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തുമെന്നതിലും ചർച്ചകൾ സജീവമായി. നാല് തവണ പത്തനംതിട്ട എംപിയായ ആന്റോ ആന്റണി, നിലവിലെ പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫ് എംഎൽഎ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിലെന്നാണ് സൂചന. യുഡിഎഫ് മുൻ കൺവീനർ ബെന്നി ബഹനാന്റെ പേരും ഉയർന്നു കേട്ടിരുന്നെങ്കിലും, അദ്ദേഹം ഇപ്പോൾ ഏറെ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നിലവിലെ കെപിസിസി പ്രസിഡന്റ് മാറേണ്ടതില്ല എന്ന അഭിപ്രായവുമായി ഒരു വിഭാഗം കെ സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച എഐസിസി സുധാകരനെ ഡൽഹിയിലേക്ക് വിളിച്ചതിന് പിന്നാലെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും സംസ്ഥാനത്ത് ഉടനടി നേതൃമാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സുധാകരനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ നേതൃമാറ്റം സംബന്ധിച്ച വാർത്തകൾ കെ സുധാകരൻ നിഷേധിക്കുകയാണ്.
പാർട്ടി ഇപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ഒരുക്കങ്ങളിലാണെന്ന് കെ സുധാകരൻ പറഞ്ഞു. പരിഹരിക്കപ്പെടേണ്ട സംഘടനാ പ്രശ്നങ്ങളെയും തർക്കങ്ങളെയും കുറിച്ച് രാഹുലും ഖാർഗെയും ചോദിച്ചു. എന്നാൽ കെപിസിസി പ്രസിഡന്റ് മാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നില്ല. മാറ്റം വരുത്താൻ അവർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അവർ ആദ്യം എന്നോട് അത് ചർച്ച ചെയ്യുമായിരുന്നു. കെ സുധാകരൻ പറഞ്ഞു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ യഥാർത്ഥ സത്യം അറിയാമെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു. പിന്നീട്, കണ്ണൂരിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത സുധാകരൻ നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകളെ നിസ്സാരവൽക്കരിച്ചു. ”കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് കരുതുന്നില്ല. ദേശീയ നേതാക്കളാരും എന്നോട് ഈ വിഷയം ഉന്നയിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വെള്ളിയാഴ്ച മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും വിശദമായ ചർച്ചകൾ നടത്തി. പക്ഷേ നേതൃമാറ്റം ഒരിക്കലും ആ ചർച്ചകളുടെ ഭാഗമായിരുന്നില്ല. എന്നിരുന്നാലും, പാർട്ടി അത്തരമൊരു തീരുമാനമെടുത്താൽ, ഞാൻ തീരുമാനം അംഗീകരിക്കും,” കെ സുധാകരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വം ഇതുവരെ തങ്ങളെയാരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ആന്റോ ആന്റണിയും സണ്ണി ജോസഫും പ്രതികരിച്ചു. പാർട്ടി നേതൃത്വത്തിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാൽ ഹൈക്കമാൻഡ് തീരുമാനിച്ചാൽ, ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. നേതൃമാറ്റത്തിൽ അടുത്ത ആഴ്ചയോടെ ഹൈക്കമാൻഡ് തീരുമാനം ഉണ്ടായേക്കും. ആന്റോ ആന്റണിക്കും സണ്ണി ജോസഫിനും വേണ്ടി ചേരിതിരിഞ്ഞ് രണ്ടു വിഭാഗങ്ങൾ പ്രചാരണം നടത്തുന്നുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സൂചിപ്പിച്ചു. എ കെ ആന്റണി-ഉമ്മൻ ചാണ്ടി എന്നീ നേതാക്കളുടെ കാലഘട്ടത്തിനുശേഷം കോൺഗ്രസിൽ ക്രിസ്ത്യൻ നേതാക്കളുടെ കുറവ് നേരിടുന്നുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യു ഡി എഫിൽ നിന്ന് പുറത്തുപോയതിൽ കത്തോലിക്കാ സഭ അസന്തുഷ്ടരാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതും കോൺഗ്രസിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ക്രൈസ്തവനായ നേതാവിനെ കെപിസിസി തലപ്പത്ത് കൊണ്ടുവരാനുള്ള ആലോചന സജീവമായത്.