KeralaNewsPolitics

‘മെഡിക്കൽ കോളേജ് അപകടത്തിൽ സമഗ്ര അന്വേഷണം വേണം, ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം’; വി ഡി സതീശൻ

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്നും പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തീപിടിത്തം ഉണ്ടായപ്പോൾ ചില രോഗികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലെ ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ സാധിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഇല്ലാത്ത അത്ഭുതകരമെന്നും ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു.

പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button