KeralaNews

ലഹരിക്കേസ് വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള ആയുധമാക്കുന്നത് ശരിയല്ല; ഷാഫി പറമ്പില്‍ എംപി

വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള ആയുധമായി ലഹരിക്കേസ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ എംപി. വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല എന്നാല്‍, അയാള്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി പലരും നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല. പക്ഷെ വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി ഇതിനെ കാണരുത്. അങ്ങനെ പലരും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഉണ്ടാകുന്ന നീതിയും ന്യായവുമല്ല വേടന്റെ കാര്യത്തില്‍ ഉണ്ടാകുന്നതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. ചില ആളുകളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതല്ല ലഹരിക്കെതിരായ പോരാട്ടം എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം’- ഷാഫി പറമ്പില്‍ പറഞ്ഞു.

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവില്‍ പറഞ്ഞിരുന്നു. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഇന്നലെയാണ് കേസില്‍ വേടന് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ചയാണ് വേടനെ ആറ് ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വേടനൊപ്പമുണ്ടായിരുന്ന ഒന്‍പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button