
വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാര്‍ത്ത തള്ളി മന്ത്രി വി എന്‍ വാസവന്‍. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ എംപിക്കും വിന്‍സെന്റ് എംഎല്‍എയ്ക്കും ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേർത്തു
എന്നാല്‍ വി ഡി സതീശനെ ക്ഷണിക്കേണ്ടത് തങ്ങള്‍ അല്ലെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉണ്ടോയെന്ന് അറിയില്ല. വിഴിഞ്ഞം ഇടത് മുന്നണിയുടെ കുഞ്ഞ് തന്നെയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബവും ബാക്കി എല്ലാവരും ചേര്‍ന്ന് വിഴിഞ്ഞത്ത് പോയതും സാഹചര്യം വിലയിരുത്തിയതും എന്നും മന്ത്രി പറഞ്ഞു.
അതേസമയം വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനം സങ്കുചിതമായ രാഷ്ട്രീയമാണെന്ന് വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു. എഗ്രിമെന്റ് ഒപ്പിടും മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. തുറമുഖത്തെ തുറന്നു എതിര്‍ത്തതാണ് അന്നത്തെ പ്രതിപക്ഷം. വികസനത്തിന്റെ കാര്യത്തില്‍ എൽഡിഎഫിന് ഇരട്ടത്താപ്പാണെന്നും വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ജനാധിപത്യവിരുദ്ധമാണ്. ബാലിശമായ ന്യായമാണ് പറയുന്നത്. ഇടതുമുന്നണിയുടെ വാര്‍ഷിക പരിപാടി എന്നാണ് മന്ത്രി പറയുന്നത്. ഇടതുമുന്നണിയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നതെന്നും വിന്‍സെന്റ് എംഎല്‍എ ചോദിച്ചു.
മെയ് 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിന് പിന്നാലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു. എന്നാല്‍ സ്ഥലം എംപിയായ ശശി തരൂരിനും, എംഎല്‍എയായ എം വിന്‍സന്റിനും ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം.
വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഡിസംബര്‍ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റെയില്‍ – റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.