KeralaNews

ട്വന്റി 20 പോലുളള പാര്‍ട്ടികള്‍ സാധാരണക്കാർക്ക് വ്യാമോഹമുണ്ടാക്കുന്നു; എസ് സതീഷ്

ട്വന്റി 20 പോലുളള പുതിയ പാര്‍ട്ടികള്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാമോഹം സൃഷ്ടിക്കുകയാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ആഗോളവത്കരണ രാഷ്ട്രീയത്തിന്റെ വലിയ കെടുതികളാണ് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരം ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണെന്നും സതീഷ് പറഞ്ഞു. ചില അരാഷ്ട്രീയ സംഘടനകള്‍ ആ സാഹചര്യം ഉപയോഗപ്പെടുത്തി താല്‍ക്കാലിക സഹായങ്ങള്‍ നല്‍കി ജനങ്ങളെ കൂടെനിര്‍ത്താനുളള ശ്രമം നടത്തുകയാണെന്നും അവരുടെ ജയം താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടുതന്നെ മാറിവരേണ്ടതാണ് ആ സാഹചര്യമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എസ് സതീഷിന്റെ പ്രതികരണം.

ജില്ലയില്‍ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ കൃത്യമായ കര്‍മ്മപദ്ധതിയുണ്ടെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും എസ് സതീഷ് പറഞ്ഞു. ’24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ എറണാകുളം ജില്ലയിലെ പാര്‍ട്ടിയുടെ സാഹചര്യങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ഭാവി എങ്ങനെ പോകണം എന്നതുസംബന്ധിച്ച രൂപകല്‍പ്പനയും സമ്മേളനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ അടിത്തട്ടുമുതല്‍ ഞങ്ങള്‍ക്ക് ഐക്യം രൂപപ്പെടുത്താന്‍ കഴിഞ്ഞു. ആ ഐക്യം ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തും. വലതുപക്ഷ രാഷ്ട്രീയത്തിന് മേല്‍ക്കൈയുളള ജില്ലയാണ് എറണാകുളം. ഇവിടെ വലതുപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനുളള ക്യാംപെയ്‌നുകള്‍ ഞങ്ങള്‍ ആരംഭിക്കും. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി, എന്തുകൊണ്ട് ഇടതുപക്ഷം ജയിക്കണം 9 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം ജനങ്ങളെ അറിയിക്കും’-എസ് സതീഷ് പറഞ്ഞു.

ലഹരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം. അതിനായുളള കര്‍മ്മപദ്ധതികള്‍ പാര്‍ട്ടി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സിനിമാ മേഖലയിലുളളവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപി ഐഎം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന എസ് സതീഷിനെ ഇന്ന് രാവിലെയാണ് എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് സതീഷ് വരുന്നത്. എസ് എഫ് ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സതീഷ് ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button