ഓരോ സിക്‌സിനും വിക്കറ്റിനും ഒരു ലക്ഷം വീതം ഫലസ്തീന്; പ്രഖ്യാപനവുമായി പിഎസ്എൽ ടീം

ഫലസ്തീന് സഹായ ഹസ്തവുമായി വേറിട്ട പ്രഖ്യാപനവുമായി പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന മുൾട്ടാൻ സുൽത്താൻസ്. ടീം നേടുന്ന ഓരോ സിക്‌സറിനും, വീഴ്ത്തുന്ന ഓരോ വിക്കറ്റിനും ഒരുലക്ഷം വീതം ഗസയിൽ നിലനിൽപ്പിന്റെ പോരാട്ടം നടത്തുന്നവർക്കായി നൽകുമെന്ന് ടീം ഉടമയായ അലി ഖാൻ ടരീൻ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അലി ടരീൻ പ്രഖ്യാപനം നടത്തിയത്. പാകിസ്താൻ ഏകദിന നായകൻ മുഹമ്മദ് റിസ്‌വാനാണ് മുൾട്ടാൻ സുൽത്താൻസ് ക്യാപ്റ്റൻ.
കറാച്ചി കിങ്‌സിനെതിരായ ആദ്യ മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസ് നാലുവിക്കറ്റിന് തോറ്റിരുന്നു. എന്നാൽ ഒൻപത് സിക്‌സറുകളാണ് മത്സരത്തിൽ സുൽത്താൻസ് താരങ്ങൾ പറത്തിയത്. ആറു കറാച്ചി താരങ്ങളുടെ വിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെ 15 ലക്ഷം രൂപയാണ് ഒറ്റമത്സരത്തിൽ ഫലസ്തീൻ ഫണ്ടിലേക്ക് സമാഹരിക്കപ്പെട്ടത്. മുൾട്ടാൻ സുൽത്താൻസ് ഉയർത്തിയ 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ കറാച്ചി കിങ്‌സ് 19.2 ഓവറിൽ ലക്ഷ്യംമറികടന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓരോ ഡോട്ട്‌ബോളിനും മരംവെച്ചുപിടിപ്പിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചതും വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ ഫെബ്രുവരി മാസങ്ങളിലായാണ് പാകിസ്താൻ സൂപ്പർ ലീഗ് നടന്നിരുന്നതെങ്കിൽ ഇത്തവണ ഐപിഎൽ നടക്കുന്ന അതേസമയത്താണ് നടന്നുവരുന്നത്.