Sports

ഐപിഎല്‍: വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധ നേടി ഗുജറാത്ത് ടൈറ്റൻസ് ഓപ്പണര്‍ സായ് സുദർശൻ

ഐപിഎൽ 2025 സീസണിലും വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധ നേടുകയാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണര്‍ സായ് സുദർശൻ. അഞ്ച് മത്സരങ്ങളിൽ നിന്ന് 273 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമതുണ്ട് ഈ തമിഴ്നാട്ടുക്കാരൻ. ഇതോടെ സായ് സുദര്‍ശനെ വീണ്ടും ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തമായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ കുന്തമുനയാണ് സായ് സുദര്‍ശന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 82 റൺസ് അടിച്ചുകൂട്ടി സ്ഥിരതയുള്ള താരമെന്ന് സായ് വീണ്ടും തെളിയിച്ചു. ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും അർധ സെഞ്ച്വറി. 288 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാമതുള്ള ലക്നൗവിന്‍റെ നിക്കോളാസ് പുരാനെക്കാൾ വെറും 15 റൺസ് അകലെയാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സായ് സുദര്‍ശന്‍റെ കസേര. ഐപിഎല്‍ കരിയറില്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടരെ അഞ്ച് തവണ ഫിഫ്റ്റി അടിച്ച് സായിയെ തേടി റെക്കോർഡുമെത്തി.

വോളിബോൾ താരങ്ങളായ ഭരദ്വാജിന്‍റെയും ഉഷയുടെയും മകനായി ചെന്നൈയിൽ ജനിച്ചുവളർന്ന സായ് സുദർശൻ 2022ലാണ് ടൈറ്റൻസ് ക്യാംപിലെത്തുന്നത്. 2023, 2024 സീസണുകളിൽ ഗുജറാത്തിന്‍റെ ബാറ്റിംഗ് നിരയിൽ നിർണായക സാന്നിധ്യമായി. ഇതുവരെ കളിച്ച 30 മത്സരങ്ങളിൽ നിന്ന് 1300ലേറെ റൺസ് നേടിയപ്പോൾ താരത്തിന്‍റെ പേരിൽ ഒരു തകർപ്പൻ സെഞ്ച്വറിയുമുണ്ട്. ഇത്തവണ 8.5 കോടി രൂപയ്ക്കാണ് സായ് സുദര്‍ശനെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിൽ നിലനിർത്തിയത്. ആഭ്യന്തര ക്രിക്കറ്റിലും മിന്നിതിളങ്ങിയതോടെ 2023ലെ ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. എന്നാൽ താരത്തിന് പിന്നീട് കൂടുതൽ അവസരങ്ങൾ കിട്ടിയില്ല. അധികം വൈകാതെ ഇന്ത്യൻ ടീമിൽ സായ് സുദര്‍ശന്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button